പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമാണു ബലിയര്‍പ്പിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. എള്ള്, ഉണക്കലരി, വെള്ളം, ദര്‍ഭപ്പുല്ല്, പൂക്കള്‍ എന്നിവയാണു പൂജാദ്രവ്യങ്ങള്‍. നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം തയാറാക്കിയ ബലിത്തറകളിലോ ആണ് തര്‍പ്പണം നടത്തി വരുന്നത്. വീട്ടുമുറ്റത്ത് ബലിയിടുന്നവരുമുണ്ട്. പിതൃക്കള്‍ക്കു പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കടകത്തിലേത്.
പുലര്‍ച്ചെ 2.30 മുതല്‍ ആലുവ മണപ്പുറത്തെ ബലിത്തറകളിൽ പിതൃകർമങ്ങൾക്കു തുടക്കമായി. 61 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ. 500 പൊലീസുകാരും 20 സിസിടിവി ക്യാമറകളും ഫയർഫോഴ്സും നീന്തൽ വിദഗ്ധരും ഭക്തർക്ക് സുരക്ഷാ വലയം തീർക്കും. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്.
കർക്കടകവാവിന്റെ ഭാഗമായുള്ള ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോവളം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തൃശൂർ തിരുവില്ല്വാമല വില്വാദ്രിനാഥ ക്ഷേത്രം, ആറന്മുള, കൊല്ലം തിരുമുല്ലവാരം, കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇവിടെയെല്ലാം ബലിതർപ്പണത്തിനു പുലർച്ചെയോടെ തന്നെ ഭക്തർ എത്തി.