താരസംഘടനയായ ‘അമ്മ’യുടെ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആര്ടിസ്റ്റ്സ്) തെരഞ്ഞെടുപ്പിൽ മത്സരം കടുക്കാൻ സാധ്യത. 74 പേരാണ് മത്സരരംഗത്തുളളത്. ഇത്രയധികം നോമിനേഷനുകൾ മുൻപുണ്ടായിട്ടില്ല. ഈ മാസം 31 വരെ നാമനിർദേശ പത്രിക പിൻവലിക്കാം. അടുത്തമാസം 15നാണ് ‘അമ്മ’ തെരഞ്ഞെടുപ്പ്.വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ ‘അമ്മ’ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. ‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. 74 നോമിനേഷനുകൾ അമ്മയുടെ സംഘടനാ ചരിത്രത്തിൽത്തന്നെ ആദ്യമായാണ്. ആയതിനാൽ, ഇത്തവണ കടുത്ത മത്സരം ഉറപ്പാണ്. ഈ മാസം 31 വരെ നാമനിർദേശ പത്രിക പിൻവലിക്കാം. അതിനുശേഷമായിരിക്കും മത്സരത്തിന്റെ ചിത്രം ഏകദേശം വ്യക്തമാകുക.നടൻ ഇന്നസെന്റിന്റെ മരണത്തോടെ അമ്മ പ്രസിഡണ്ട് പദവിയിലേക്ക് എത്തിയ മോഹൻലാൽ ഇനി മത്സരത്തിനില്ല എന്ന് തീരുമാനമെടുത്തതോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. നടി ശ്വേതാ മേനോൻ, ജഗദീഷ്, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.നടൻ ബാബുരാജിനെ മത്സരിപ്പിക്കുന്നത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണവിധേയൻ മത്സര രംഗത്തുള്ളതിനെ വിമർശിച്ചും പിന്തുണച്ചും താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.ആരോപണ വിധേയരായ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് നിന്ന് മാറി നിൽക്കണമെന്ന ആവശ്യം അനൂപ് ചന്ദ്രനും ആസിഫ് അലിയും അടക്കമുള്ളവർ പരസ്യമായി വ്യക്തമാക്കിയിരുന്നു. ബാബുരാജും ജോയ് മാത്യവും ഉൾപ്പടെ അഞ്ചു പേരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കുക്കു പരമേശ്വരനും നവ്യ നായരും അൻസിബയും മത്സരരംഗത്തുണ്ട്.ഇതിനിടെ ഹേമ കമ്മിറ്റിക്ക് മുൻപാകെ നിരവധി ആരോപണങ്ങളാണ് സിനിമാ മേഖലയിലുള്ള നടന്മാർക്കെതിരെ ഉണ്ടായത്. കള്ളപ്പണ കേസുകളും അതേ തുടർന്നുണ്ടായ പരാതികളും സിനിമാസെറ്റിലെ ലഹരി ഉപയോഗവും ഒക്കെ ഈ കാലഘട്ടത്തിൽ വലിയ ചർച്ചയായി. ഈ സാഹചര്യത്തിൽ താരസംഘടനയുടെ തെരഞ്ഞെടുപ്പിന് പ്രാധാന്യമേറുകയാണ്.