ഡബ്ല്യുഡബ്ല്യുഇ താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണിൽ ഹൾക്കിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ഹൾക്ക് കോമയിലാണെന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നു. ഭാര്യ സ്കൈ ഇക്കാര്യം നിഷേധിച്ച് ദിവസങ്ങൾക്കുള്ളിലാണ് വിയോഗം.
1953ൽ ജോർജിയയിലെ അഗസ്റ്റയിലാണ് ഹൾക്ക് ജനിച്ചത്. ടെറി ജീൻ ബൊളിയ എന്നാണ് യഥാർഥ പേര്. കൗമാര പ്രായത്തിൽ തന്നെ ഗുസ്തി ഇഷ്ടമായിരുന്ന ഹൾക്ക് 1977ലാണ് കായികരംഗത്തേക്ക് പ്രവേശിക്കുന്നത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രത്തിലാണ് പലപ്പോഴും ഹൾക്ക് റിങ്ങിലെത്തിയത്. 1980കളിൽ ഡബ്ല്യുഡബ്ല്യുഇയിൽ നിറഞ്ഞുനിന്ന താരമാണ് ഹൾക്ക്. സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.