ന്യൂഡൽഹി:പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കും. പഹൽഗാമിൽ 26 സാധാരണക്കാരെ കൊന്നതിന് ഇന്ത്യ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ബോഡോ സമുദായത്തിന്റെ നേതാവായ ഉപേന്ദ്രനാഥ് ബ്രഹ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരർക്ക് ഏറ്റവും മോശം അവസ്ഥ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിലെ ഓരോ കുറ്റവാളിയെയും ഞങ്ങൾ വേട്ടയാടും. 26 പേരെ കൊന്നുകൊണ്ട് നിങ്ങൾ വിജയിച്ചു എന്ന് കരുതരുത്. നിങ്ങളിൽ ഓരോരുത്തരും ഉത്തരം പറയേണ്ടിവരുമെന്നും അമിത് ഷാ വ്യക്തമാക്കി. ഈ രാജ്യത്തിന്റെ ഓരോ ഇഞ്ചിൽ നിന്നും തീവ്രവാദത്തെ പിഴുതെറിയാൻ നരേന്ദ്ര മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. അത് പൂർത്തീകരിക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു