കൊല്ലം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസ് സിലബസിൽ 25 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് മന്ത്രി അറിയിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപം വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിനായി നിർമ്മിച്ച ‘സ്നേഹവീടിന്റെ’ താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിലബസ് ഭാരത്തേക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ നിരന്തരമായ പരാതികൾ പരിഗണിച്ചാണ് തീരുമാനം. പാഠഭാഗങ്ങളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ തന്നെ സിലബസ് പരിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. കരിക്കുലം കമ്മിറ്റി ഈ മാറ്റത്തിന് അംഗീകാരം നൽകിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.









