കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിയുടെ മരണത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ആരോപണം ആവർത്തിച്ച് കുടുബം. ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട കടുത്ത സമ്മർദ്ദമാണ് ജീവനൊടുക്കാൻ കരണമെന്നതിൽ ഉറച്ച് കുടുംബം. റോയിക്ക് കടമോ മറ്റ് ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യുന്ന ദിവസം രാവിലെ റോയ് വിളിച്ച് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും റോയിയുടെ സഹോദരൻ സി ജെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, സി ജെ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് അന്വേഷണം കർണാടക സിഐഡിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രാഥമികമായി റോയിയുടെ കുടുംബാംഗങ്ങളുടെയും കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടെയും മൊഴി പൊലീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റോയിയുടെ ഡയറിയും അന്വേഷകസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോയിയുടെ കുടുംബവും പൊലീസിൽ പരാതി നൽകിയേക്കും.ഇ ഡി റെയ്ഡിനിടെ ഇന്നലെയായിരുന്നു സ്വന്തം പിസ്റ്റൾ ഉപയോഗിച്ച് സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്. ബെംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലെ ഓഫിസിൽ ആയിരുന്നു സംഭവം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹം സംസ്കരിക്കുമെന്നാണ് വിവരം.









