തിരൂർ: തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ വോട്ടർമാർക്ക് നൽകിയ വാഗ്ദാനം സത്യപ്രതിജ്ഞയ്ക്ക് മുൻപായി നടപ്പാക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് തിരൂർ വെട്ടം ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്ന് വിജയിച്ച മുരളി മാഷ്. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തീരദേശത്ത് വിദ്യാഭ്യാസമുള്ള യുവജനങ്ങളിൽ ഭൂരിഭാഗവും പി.എസ്.സി. രജിസ്ട്രേഷനും എംപ്ലോയ്മെന്റ് രജിസ്ട്രേഷനും നടത്താത്തവരാണെന്ന തിരിച്ചറിവിൽ നൽകിയ വാഗ്ദാനമായിരുന്നു തീരദേശത്തെ യുവജനങ്ങളെ സർക്കാർ ജീവനക്കാരാക്കാൻ പി.എസ്.സി. രജിസ്ട്രേഷനും പരിശീലനവും നൽകുമെന്നത്. ഈ വാഗ്ദാനമാണ് വിമുക്തിമിഷനു വേണ്ടി പരിയാപുരം നവയുഗ് വായനശാലയുടെ സഹകരണത്തോടെ എക്സൈസ് വകുപ്പ് വെട്ടം ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ വാക്കാട് എ.എം.എൽ.പി. സ്‌കൂളിലാണ് സൗജന്യ പി.എസ്.സി. പരിശീലന പരിപാടിയായ ‘വിജ്ഞാന കടലോരം’ പദ്ധതിയ്ക്ക് തുടക്കമായത്. തീരപ്രദേശത്തുള്ള അഭ്യസ്തവിദ്യരായ ധാരാളം പേരാണ് ഇതിനോടകം ക്ലാസിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണ് മുരളി മാഷ് സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരൂർ നവയുഗ് ഹിന്ദി കോളേജ് സ്ഥാപകനും പ്രിൻസിപ്പളുമാണ് പി. മുരളി മാസ്റ്റർ. ഓരോ മേഖലയിലും ഏറ്റവും വിദ്ഗധരായ ഫാക്കൽറ്റികളാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. എല്ലാ ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലുമായാണ് ക്ലാസ്. വിജ്ഞാന കടലോരം’ പദ്ധതി കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗണിതാധ്യാപകൻ വി. ലതീഷ് ക്ലാസിന് നേതൃത്വം നൽകി. വായനശാല പ്രസിഡന്റ് പി. മുരളീധരൻ, സെക്രട്ടറി കെ. സുശീലൻ, സിവിൽ എക്സൈസ് ഓഫീസർ പി. ധനേഷ്, എ.പി. സതീശൻ, കെ. നൂർജഹാൻ, സി.പി. റംല, എ.പി. ശ്യാമ എന്നിവർ പ്രസംഗിച്ചു.









