എടപ്പാൾ: വനിത പഞ്ചവാദ്യ സംഘത്തിന്റെ ഉപകരണ സമാഹരണത്തിലേക്ക് കരുതലുമായി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി.സംഘത്തിന്റെ വാദ്യോപകരണങ്ങൾ സമാഹരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഒരു ഇടക്ക ഉപഹാരമായി നൽകി.സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന വനിത പഞ്ചവാദ്യ സംഘത്തിലെ ഇടക്ക വിദ്യാർത്ഥികൾ നേരിട്ടാണ് ഉപഹാരം ഏറ്റുവാങ്ങിയത്.സോപാനം ഡയറക്ടർ സന്തോഷ് ആലംകോട്, വനിത പഞ്ചവാദ്യ സ്വാഗതസംഘം ജനറൽ കൺവീനവർ വിജയൻ പരിയപ്പുറം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.കലാരംഗത്ത് സ്ത്രീകൾക്ക് കൂടുതൽ കരുത്തുപകരാനും പരമ്പരാഗത വാദ്യകലകളെ പ്രോത്സാഹിപ്പിക്കാനും ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് മനോജ് എമ്പ്രാന്തിരി ആശംസിച്ചു.പുതിയതായി പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്ക് ഈ ഉപകരണം വലിയ പ്രയോജനമാകുമെന്ന് സംഘാടകർ അറിയിച്ചു.










