ന്യൂൽഡഹി: നാലുമാസം മുൻപ് കാണാതായ യുവതിയെ കൊല്ലപ്പെടുത്തിയ ശേഷം ‘ദൃശ്യം’ മോഡലിൽ മൃതദേഹം കുഴിച്ചിട്ട ജിം പരിശീലകൻ പിടിയിൽ. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം നടന്നത്. ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്താണ് യുവതിയുടെ മൃതദേഹം കുഴിച്ചിട്ടത്. സംഭവത്തിൽ ജിം പരിശീലകനായ വിമൽ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏക്ത ഗുപ്ത (32) എന്ന യുവതിയെയാണ് നാലുമാസം മുൻപ് കാണാതായത്. യുവതിയുടെ ഭർത്താവ് രാഹുൽ ഗുപ്ത ജൂൺ 24ന് ഏക്ത ഗുപ്തയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ രേഖകളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിമലിലേക്ക് എത്തിയത്. വിഐപി മേഖലയിൽ ആരും അറിയാതെ മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെ ഞെട്ടിച്ചിരുന്നു. ജിം പരിശീലകനായ വിമലും ഏക്ത ഗുപ്തയും അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും അടുത്തത്. ഇതിനിടെ വിമലിന്റെ വിവാഹം നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇർക്കിടയിൽ തർക്കമുണ്ടായി.
ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയെ വിമൽ കാറിൽ പുറത്തേക്ക് കൊണ്ടുപോയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വിഐപി മേഖലയിൽ കുഴിച്ചിട്ടുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തോട് വിമൽ പറഞ്ഞു. ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളും ഉണ്ട്. എന്നിട്ടും ഇവയുടെ കണ്ണുവെട്ടിച്ചാണ് പ്രതി മൃതദേഹം കുഴിച്ചിട്ടത്. സുരക്ഷാ വീഴ്ചയെ തുടർന്ന് പാെലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്. മലയാള സിനിമയായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് വലിയ രീതിയിൽ വിജയിച്ചിരുന്നു. ഹിന്ദിയിൽ അജയ് ദേവ്ഗണാണ് മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയാണ് പ്രതി അനുകരിച്ചത്.