കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപക്കിന്‍റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതില്‍ അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാർ പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസിൽ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കിയിരുന്നു.കേസിൽ ഷിംജിത മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അഡ്വ. നൽസൺ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.










