ചങ്ങരംകുളം:വര്‍ഷങ്ങളായി വാടകമുറിയില്‍ പ്രവൃത്തിച്ച ആലംകോട് വില്ലേജിന് പുതിയ കെട്ടിടം ഉയരുന്നു.ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് റവന്യൂ ഭൂമിയില്‍ പ്രവൃത്തിച്ചിരുന്ന പഴയ വില്ലേജ് കെട്ടിടം പൊളിച്ചാണ് 45 ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടം ഉയരുന്നത്.പദ്ധതിയുടെ ശിലാസ്ഥാപനം ഹൈവേജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ രാജന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.എംഎല്‍എ പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.10 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യും
വില്ലേജ് കെട്ടിടം ശോചനീയാവസ്ഥയിലായതോടെ ആലംകോട് ഗ്രാമ പഞ്ചായത്ത് ടൗണിലുള്ള ബസ്റ്റാന്റിന് സമീപത്തായി വില്ലേജിനായി പുതിയ കെട്ടിടം പണിത് നല്‍കിയെങ്കിലും നവന്യൂ അധികൃതരും ആലംകോട് ഗ്രാമപഞ്ചായത്തും തമ്മിലുള്ള വടംവലിയില്‍ വില്ലേജ് പഴയ കെട്ടിടത്തില്‍ തന്നെ തുടരുകയായിരുന്നു.പിന്നീട് കെട്ടിടം തകര്‍ച്ചയുടെ വക്കിലായതോടെ രണ്ട് വര്‍ഷം മുമ്പ് വില്ലേജ് കെട്ടിടത്തിന് സമീപത്തുള്ള ബസ്ബേ കം ഷോപ്പിങ് കെട്ടിടത്തിലുള്ള കടമുറിയിലേക്ക് വില്ലേജിന്റെ പ്രവര്‍ത്തനം താല്‍കാലികമായി മാറ്റുകയായിരുന്നു.വില്ലേജ് കെട്ടിടത്തിന് മുന്നില്‍ നിന്നിരുന്ന മരങ്ങളില്‍ ദേശാടന പക്ഷികള്‍ കൂട് കൂട്ടി കാഷ്ടിക്കുന്നത് പതിവായിരുന്നു.വില്ലേജില്‍ എത്തുന്നവര്‍ക്ക് കുട ചൂടേണ്ട അവസ്ഥ വന്നതോടെ വില്ലേജിന്റെ മുന്നില്‍ നിന്ന മരച്ചില്ലകള്‍ മുറിച്ച് മാറ്റിയതും വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ അടക്കമുള്ളവര്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.വിവാദങ്ങളും നിയക്കുരുക്കുകളും മൂലം വര്‍ഷങ്ങളായി ശോചനീയാവസ്ഥയില്‍ കിടന്ന വില്ലേജിനാണ് പുതുജീവന്‍ വെക്കുന്നത്.പുതിയ കെട്ടിടം ഉയരുന്നതോടെ ചങ്ങരംകുളത്തുകാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് കൂടി വിരാമമാകും.







