വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗീ പരിചരണത്തിൽ ഗുരുതര വീഴ്‌ച്ച. തലയ്‌ക്ക് പരിക്കേറ്റ് എത്തിയ 11 വയസുകാരന്റെ തലയിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടു. ശനിയാഴ്ച വൈകീട്ട് 4.30-നായിരുന്നു സംഭവം.ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി.സുജിത്തിന്റെയും സുരഭിയുടെയും മകൻ എസ്.ദേവതീർഥിനാണ് (11) വീട്ടിൽ തെന്നിവീണ് തലയുടെ വലതുവശത്ത് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചു . ഇവിടെ വെച്ച് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നൽ ഇടുകയായിരുന്നു. ഡ്രസിങ് മുറിയിൽ വൈദ്യുതി ഇല്ലെന്നുപറഞ്ഞ് ദേവതീർഥിനെ അറ്റൻഡർ ഒ.പി.കൗണ്ടറിന്റെ മുന്നിലിരുത്തി. മുറിവിൽനിന്ന് രക്തം ഒഴുകിയതോടെ ദേവതീർഥിനെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി.“ഇരുട്ടാണല്ലോ .??വൈദ്യുതി ഇല്ലേ” എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിച്ച് വയ്‌ക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി. ദേവതീർഥിന്റെ തലയിൽ രണ്ട് തുന്നലുണ്ട്. സംഭവം അന്വേഷിക്കുമെന്ന് ആശുപത്രിയധികൃതർ പറയുന്നു. ആശുപത്രിയുടെ ലിഫ്റ്റ് തകരാറിലായി ജീവനക്കാരടക്കം ആറുപേർ അരമണിക്കൂറോളം കുടുങ്ങിയ സംഭവം വാർത്തയായിരുന്നു.