കണ്ണൂർ:എ.ഡി.എം. നവീൻ ബാബുവിന്റെ മണത്തിലേക്ക് നയിച്ച പി.പി.ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം. എം.ഡി.എമ്മിനെതിരെ ദിവ്യ നടത്തിയ പ്രസംഗവും തെറ്റായ നടപടിയായാണ് വിലയിരുത്തിയിരിക്കുന്നത്. നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കാതെ എത്തിയതിനെയും പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പറയുന്ന ഭാഗത്താണ് പി.പി.ദിവ്യക്കെതിരെയുള്ള വിമർശനം. എന്തുകൊണ്ടാണ് ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും പുറത്താക്കിയതെന്നും അതിലേക്ക് നയിച്ച സാഹചര്യവുമെല്ലാം റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിലാണ് യാത്രയയപ്പ് പരിപാടിയിൽ ക്ഷണിക്കാതെ എത്തിയത് ന്യായീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെടുന്നത്. ക്ഷണിക്കാത്ത വേദിയിലെത്തി ഇത്തരത്തിലുള്ള പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റും നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പി.പി.ദിവ്യയുടേത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്ന് ജില്ലാ സമ്മേളനത്തിലും നിലപാട് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങൾ പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി.പി ദിവ്യക്കെതിരായ നടപടി മാധ്യമ വാർത്തകൾക്ക് അനുസരിച്ചായിരുന്നു എന്ന പ്രതിനിധികളുടെ വിമർശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദിവ്യക്കെതിരായ നടപടി ശരിയായ രീതിയിൽ തന്നെയായിരുന്നു കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കാര്യങ്ങൾ ചെയ്യേണ്ടതിന് പകരം ഒറ്റയ്ക്ക് ഇടപെടുന്ന രീതിയാണ് ഉണ്ടായത്. വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് ശരിയായില്ല. ഇതൊക്കെ പാർട്ടി അന്വേഷിച്ച് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞിരുന്നു.