ചട്ടഞ്ചാൽ: ഒളിച്ചുകളിക്കുന്നതിനിടെ ടാർവീപ്പയിൽ ഒളിച്ച നാലര വയസ്സുകാരി അരയോളം ടാറിൽ പുതഞ്ഞ് രണ്ടു മണിക്കൂറിലേറെ കുടുങ്ങിക്കിടന്നു. മെഡിക്കൽ സംഘവും അഗ്നിരക്ഷാ സേനയും പൊലീസുമെല്ലാം ചേർന്ന് ഏറെ പരിശ്രമിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ചട്ടഞ്ചാൽ എംഐസി കോളജിനു സമീപം താമസിക്കുന്ന കുടുംബത്തിലെ കുട്ടി വെള്ളിയാഴ്ച വൈകിട്ട് സഹോദരിയുമായി ഒളിച്ചുകളിക്കുമ്പോഴാണ് അപകടം.സമീപത്തെ റോഡ് ടാറിങ്ങിന് ഉപയോഗിച്ച് മിച്ചംവന്ന ടാറാണ് വീപ്പയിൽ ഉണ്ടായിരുന്നത്. കല്ലിൽ ചവിട്ടിക്കയറി കുട്ടി ടാർ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു. വേനലിൽ ഉരുകിക്കിടന്ന ടാറിൽ കുട്ടി അരയോളം താഴ്ന്നു. ടാറിൽ ഉറച്ചുപോയതിനാൽ പുറത്തെടുക്കാനും സാധിച്ചില്ല. സ്ഥലത്തെത്തിയ പൊലീസ് കുട്ടി കൂടുതൽ താഴ്ന്നുപോകാതെ പിടിച്ചുനിർത്തി. അഗ്നിരക്ഷാ സേനയെയും പൊയിനാച്ചിയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെയും നഴ്സിനെയും വിളിച്ചുവരുത്തി. ടാർ ഇളകിക്കിട്ടാൻ അൽപാൽപം ഡീസൽ ഒഴിച്ചു. അഗ്നിരക്ഷാ സേന വീപ്പയുടെ പകുതി മുറിച്ചു വേർപെടുത്തി. ഇളകാൻ വൈകിയതോടെ കൈകൊണ്ട് ടാർ തോണ്ടിയെടുത്ത് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ നായന്മാർമൂലയിലെ ആശുപത്രിയിലേക്ക് മാറ്റി. എസ്ഐ വി.കെ.അനീഷിന്റെ നേതൃത്വത്തിൽ പൊലീസും ലീഡിങ് ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ പി.സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വീപ്പ മുറിക്കുന്നതിനിടെ അഗ്നിരക്ഷാ സേനാ ഡ്രൈവർ ഇ.പ്രസീതിന്റെ കൈക്ക് മുറിവേറ്റു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി.ലെനീഷ്, ടി.രാജേഷ്, സോജൻ തോമസ്, അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരായ രാജേഷ് പാവൂർ, ജിത്തു, എസ്.അഭിലാഷ്, അരുണ പി.നായർ, എ.രമേശ, എസ്.ശോഭിൻ, എൻ.പി.രാജേഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.