കരിമ്പ: പാലക്കാട് കരിമ്പ പനയംപാടത്ത് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സിമന്റ് ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് കുട്ടികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു വിദ്യാർത്ഥികൾ. ഈ സമയം സിമന്റുമായെത്തിയ ലോറി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. രണ്ട് കുട്ടികൾ ഇപ്പോഴും ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ലോറി ഉയർത്തിയാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.