കുർളയിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ചതഞ്ഞു മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. മൃതദേഹത്തിന്റെ കൈയിൽ നിന്ന് വളകൾ ഊരിയെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരുയുവാവാണ് മോഷണം നടത്തിയത്. ഇയാൾക്ക് കൂട്ടായി മറ്റുചിലരും ഉണ്ടായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ദൃശ്യങ്ങൾ വൈറലായതോടെ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. മോഷണം നടത്തിയവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൃഹൻ മുംബൈ ഇലിക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) നടത്തുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ഒരു വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറുകയും ചെയ്തത്. ഏഴ് പേർ മരിച്ച അപകടത്തിൽ 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബസ് ഡ്രൈവറായ സഞ്ജയ് മോറെ കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയ്ക്ക് അറസ്റ്റ് ചെയ്യുകയും ഡിസംബർ 21 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.അപകടത്തിന് ശേഷം രണ്ടുബാഗുകളുമെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവറുടെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഡ്രൈവർക്ക് ഇലക്ട്രിക് ബസ് ഓടിച്ച് പരിചയമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസും മോട്ടോർവാഹനവകുപ്പും പറയുന്നത്.