ഫുട്ബാൾ ഗ്ലോബൽ പ്ലയേഴ്സ് അസോസിയേഷനായ ഫിഫ്പ്രോയുടെ ലോക ഇലവനിൽ ഇത്തവണ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇടം പിടിക്കാനായില്ല. 18 വർഷത്തിനിടെ ആദ്യമായാണ് ലയണൽ മെസ്സിയില്ലാത്ത ലോക ഇലവൻ ഫിഫ്പ്രോ പുറത്ത് വരുന്നത്. 2006-ലാണ് മെസ്സി അവസാനമായി ഫിഫ്പ്രോ ലോക ഇലവൻ്റെ ഭാഗമാകാതിരുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചുരുക്കപ്പട്ടികയിൽ ഇരു താരങ്ങളുണ്ടായിരുന്നെങ്കിലും അന്തിമ ഇലവൻ തീരുമാനിച്ചപ്പോൾ പുറത്തായി.ആറ് റയൽ മാഡ്രിഡ് താരങ്ങളും, നാല് മാഞ്ചസറ്റർ സിറ്റി താരങ്ങളും ഇലവനിൽ ഇടം നേടിയെന്നതാണ് പ്രത്യേകത. റയൽ മാഡ്രിഡ് താരങ്ങളായ സ്‌പെയ്നിന്റെ ഡാനി കാർവഹാൽ, ജർമ്മനിയുടെ അൻ്റോണിയോ റൂഡിഗർ, ജർമ്മനിയുടെ തന്നെ ടോണി ക്രൂസ്, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം എന്നിവരാണ് ഇലവനിൽ ഇടം നേടിയത്.മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബെൽജിയത്തിന്റെ കെവിൻ ഡി ബ്രൂയ്ൻ, സ്പെയ്നിന്റെ റോഡ്രി, നോർവേയുടെ എർലിങ് ഹാളണ്ട്, ബ്രസീലിന്റെ എഡേഴ്സൺ എന്നിവർ ഇടം നേടി. ലിവർപൂളിൽ നിന്നും നെതർലാൻഡ്‌സിന്റെ വിർജിൽ വാൻ ഡിക്കും ടീമിലെത്തി. ബാഴ്സയിലും സ്പെയ്നിലുമായി മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിൻ യമാലിന് അന്തിമ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞില്ല.ഫിഫ്പ്രോ പുരുഷ ടീം: ഗോൾകീപ്പർ-എഡേഴ്സൺ, ഡിഫൻഡർമാർ- ഡാനി കാർവഹാൽ, വിർജിൽ വാൻ ദെയ്ക്, അന്‍റോണിയോ റുഡിഗർ, മിഡ്ഫീൽഡർമാർ- ജൂഡ് ബെല്ലിങ്ഹാം, കെവിൻ ഡിബ്രുയ്നെ, ടോണി ക്രൂസ്. റോഡ്രി, ഫോർവേഡ്- എർലിങ് ഹാലണ്ട്, വിനിഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ.