തിരുവനന്തപുരം: പോത്തൻകോട് കൊയ്ത്തൂർകോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം കൊയ്ത്തൂർകോണം യുപി സ്കൂളിന് എതിർവശത്ത് മണികണ്ഠൻ ഭവനിൽ തങ്കമണിയെയാണ് (69) ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.പിടിയിലായ തൗഫീഖ് നിരവധി കേസിലെ പ്രതിയും സ്ഥിരം മോഷ്ടാവുമാണ്. മോഷ്ടിച്ച ബൈക്കിൽ എത്തി കൃത്യം നിർവഹിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇയാളുടെ പക്കൽ നിന്ന് തങ്കമണി ധരിച്ചിരുന്ന കമ്മൽ പൊലീസ് കണ്ടെത്തി. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ നടന്നുപോകുന്നത് കാണാം.തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങൾ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവർ പറയുന്നു. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാൻ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു.തങ്കമണിയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മൽ നഷ്ടപ്പെട്ടു. കൂടാതെ അവർ ഉടുത്തിരുന്ന ലുങ്കികൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.