2026ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളുടെയും ഓട്ടോകറ്റാലിസിസിന്റെയും കണ്ടെത്തലുകൾക്കാണ് ഹെൻറി ബി കഗാൻ, കെൻസോ സോവായ് എന്നിവർ പുരസ്കാരത്തിന് അർഹരായത്. ദി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് ഈ വർഷത്തെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.മരുന്നുകൾ, സുഗന്ധദ്രവ്യങ്ങൾ, വിവിധ ഫ്ലേവറുകൾ, നൂതന സാമഗ്രികൾ എന്നിവ നിർമിക്കുന്നതിനുള്ള രാസപ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഹെൻറി കഗാന്റെ കണ്ടെത്തലുകൾ വഴിതെളിച്ചത്. മുൻപ് സാധ്യമാണെന്ന് കരുതിയതിനേക്കാൾ കൃത്യതയോടെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അതേസമയം, ജീവന്റെ ഉത്ഭവത്തിന് സമാനമായി, സാധ്യമായ രണ്ട് മിറർ ഇമേജുകളിൽ ഒന്നുമാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ആദ്യത്തെ രാസപ്രവർത്തനം രൂപകൽപ്പന ചെയ്തുകൊണ്ടാണ് കെൻസോ സോവായ് ചരിത്രത്തിൽ ഇടംനേടിയത്. ശാസ്ത്രലോകത്തെ ഏറ്റവും അത്ഭുതകരമായ പരീക്ഷണങ്ങളിലൊന്നായാണ് ‘സോവായ് റിയാക്ഷൻ’ കണക്കാക്കപ്പെടുന്നത്.
2026ലെ ഫിസിക്സ് നൊബേൽ പുരസ്കാരം ഫ്രാൻസിസ് ഹാൽസനും വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസറോത്ത്, പീറ്റർ ഹെഗമാൻ, ജോർജ്ജ് നാഗൽ എന്നീ ന്യൂറോ സയന്റിസ്റ്റുകളുമാണ് സ്വന്തമാക്കിയത്










