എടപ്പാൾ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയും സുരക്ഷിത ബാങ്കിങ് രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി റോട്ടറി ക്ലബ് എടപ്പാളിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പുകൾക്ക് തുടക്കമായി. റെയ്ഹാൻ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ നടന്ന ചടങ്ങ് തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക ക്രമക്കേടുകൾ, സൈബർ ചതിക്കുഴികൾ, സോഷ്യൽ മീഡിയ വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ നിന്ന് എങ്ങിനെ രക്ഷനേടാം, സുരക്ഷിതമായി ഡിജിറ്റൽ ബാങ്കിങ് എങ്ങിനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ ക്ലാസുകൾ ക്യാമ്പിന്റെ ഭാഗമായി നൽകി. പൊന്നാനി ബ്ലോക്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ആനന്ദറോഹിണി കെ. ബോധവൽക്കരണ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
റോട്ടറി ക്ലബ് എടപ്പാൾ പ്രസിഡന്റ് ആർ.ടി.എൻ. പ്രകാശ് പുളിക്കപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റെയ്ഹാൻ ഗ്രൂപ്പ് എം.ഡി. ആൻഡ് സി.ഇ.ഒ ആർ.ടി.എൻ. ഡോ. ടി.കെ. സലാഹുദ്ദീൻ മുഖ്യാതിഥിയായിരുന്നു. ധനലക്ഷ്മി ബാങ്ക് ഡി.ജി.എം അഭിരാം ഉണ്ണി പ്രത്യേക സാന്നിധ്യമായി.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ധനലക്ഷ്മി ബാങ്ക് എടപ്പാൾ ശാഖ, റോട്ടറി ക്ലബ് എടപ്പാൾ, റെയ്ഹാൻ കോളേജ് ആൻഡ് ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.









