മമ്മൂട്ടി ചിത്രം ഫാന്റത്തിലെ നടൻ ലാലു അലക്‌സിന്റെ ഡയലോഗിന്റെ പേരിൽ തമിഴ് ജനതയോട് മാപ്പ് പറഞ്ഞ് ഡബ്ബിംഗ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്‌മി. ‘പാണ്ടി കരിമ്പാറ’ എന്ന് തുടങ്ങുന്ന ഡയലോഗിനെക്കുറിച്ചായിരുന്നു പരാമർശം. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
‘ആരോടോ ഉള്ള ദേഷ്യം കൊണ്ട് തമിഴ് സമൂഹത്തെ അപമാനിക്കാതിരിക്കൂ. അഭിപ്രായം പറയുകയെന്നാൽ തെറിവിളിക്കുക എന്നതാണെന്ന് കരുതുന്ന ചിലരുണ്ട് സോഷ്യൽ മീഡിയയിൽ. അവർ കാരണം ചീത്തപ്പേരുണ്ടാകുന്നത് മലയാളി സമൂഹത്തിനാണ്. തമിഴ് ജനതയോട് മാപ്പ്’- എന്ന കുറിപ്പോടെയാണ് ഭാഗ്യലക്ഷ്‌മി വീഡിയോ പങ്കുവച്ചത്.ഭാഗ്യലക്ഷ്‌മിയുടെ വാക്കുകളിൽ നിന്ന്വളരെ പ്രധാനപ്പെട്ട കാര്യം സംസാരിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. എനിക്കൊരു ഇമെയിൽ ലഭിക്കുകയുണ്ടായി. ഓഗസ്റ്റ് 27നാണ് മെയിൽ വന്നതെങ്കിലും ഇന്നലെയാണത് ശ്രദ്ധയിൽപ്പെട്ടത്. നമ്മുടെ ലാലു അലക്‌സിനുള്ള മെയിലാണ്. അബിനേഷ് എന്നയാളാണ് അത് അയച്ചിരിക്കുന്നത്. ലാലു അലക്‌സിനും അമ്മ സംഘടനയ്ക്കും എനിക്കുമാണ് ഫോർവേഡ് ചെയ്തിരിക്കുന്നത്.’പാണ്ടി കരിമ്പാറ’ എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ ചില മലയാളി പ്രേക്ഷകർ തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നുവെന്നാണ് അതിൽ പറയുന്നത്. തമിഴ് എന്ന വാക്കോ തമിഴുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളോ കേൾക്കുമ്പോൾ മലയാളികൾ വളരെ മോശമായ രീതിയിലാണ് അഭിസംബോധന ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ സങ്കടം.യഥാർത്ഥത്തിൽ ഇത് വളരെ മോശമായ കാര്യമല്ലേ? ഉയർന്ന സാംസ്‌കാരിക ബോധമുള്ളവരാണ് മലയാളികളെന്ന് എപ്പോഴും നമ്മൾ അഹങ്കരിക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നമ്മുടെ സംസ്‌കാരം വലിയ തോതിൽ താഴേക്ക് പതിക്കുകയാണ്.ലാലു അലക്‌സിന്റെ കാര്യമെടുത്താൽ സിനിമയിൽ തനിക്ക് നൽകിയ ഡയലോഗ് പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ട് സിനിമാ എഴുത്തുകാരും അഭിനേതാക്കളും ഉൾപ്പെടെ എല്ലാവരും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.







