തിരുവനന്തപുരം: എസ്‌ഐആറിന്റെ മറവില്‍ കര്‍ണാടകയില്‍ നിരവധി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന് നടന്‍ പ്രകാശ് രാജ്. ഇത്രയും ആളുകളെ അന്യഗ്രഹങ്ങളിലേക്ക് ആണോ മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.’കര്‍ണാടകയിലെ 23 ജില്ലകളില്‍ ഞാന്‍ സഞ്ചരിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്സ് മുതല്‍ 73 വയസ് പ്രായമായവര്‍ വരെ പട്ടികയ്ക്ക് പുറത്തായതായി കണ്ടെത്തി. ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കേണ്ടവര്‍ തന്നെയാണ് അവരെ പുറത്താക്കുന്നത്,’ എന്നും പ്രകാശ് രാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കേരളത്തിലുള്ളവര്‍ക്കാണ് കൂടുതല്‍ അറിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.
2025 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ആറുമാസത്തിനുശേഷം തിടുക്കപ്പെട്ട് എസ്‌ഐആര്‍ നടപ്പാക്കിയത് എന്തിനാണ്? ലക്ഷക്കണക്കിന് വോട്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. ബീഹാറില്‍ നിന്ന് മാത്രം ലക്ഷങ്ങള്‍ പുറത്താകുന്നത് കണ്ടു. ബംഗാളില്‍ ഒന്നരമാസം കൊണ്ട് കോടിക്കണക്കിന് വോട്ടുകളാണ് ഡിലീറ്റ് ചെയ്തതെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.
38 ലക്ഷത്തിലധികം ആളുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്നും അകാരണമായി പുറത്തായതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന നടപടിക്രമം മാറ്റിയത്? നിങ്ങള്‍ക്ക് വേണ്ട വ്യക്തിയെ തെരഞ്ഞെടുക്കാനായിരുന്നോ? ജുഡീഷ്യല്‍ ഇമ്മ്യൂണിറ്റി നല്‍കിയത് എന്തിനാണെന്നും പ്രകാശ് രാജ് ചോദ്യമുയര്‍ത്തി.
ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണോ ഇങ്ങനെയൊരു സംരക്ഷണം നല്‍കിയത്? എന്തിനാണ് ഗ്യാനേഷ് കുമാറിനെ സംശയിക്കുന്നത്? എന്തുകൊണ്ടെന്നാല്‍ അയാളെ നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്.
എസ്‌ഐആറില്‍ അഞ്ജലി ഭരദ്വാജ് ഒരു വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.







