ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പുറം ചൂണ്ടൽ ഹൈവേയിലെ പന്താവൂർ മുതൽ കക്കിടിപ്പുറം വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി.)ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി നിയോജകമണ്ഡലം എം.എൽ.എ. കെ.പി. നൗഷാദലി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകി.നിയോജകമണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ചെയർമാൻ പി.പി. യൂസഫലി, റോഡ് വികസന സമിതി ചെയർമാൻ ബഷീർ കക്കിടിക്കൽ, കോഡിനേറ്റർ ഉമ്മർ തലാപ്പിൽ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു..പന്താവൂരിൽ ഹൈവേയിൽ നിന്ന് കക്കിടിപ്പുറം,ചങ്ങരംകുളം, കുറ്റിപ്പാല എന്നിവിടങ്ങളെ പി.ഡബ്ല്യു.ഡി. റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന് നിലവിൽ രണ്ടര കിലോമീറ്റർ നീളവും ആറ് മീറ്റർ വീതിയുമുണ്ട്.കക്കിടിപ്പുറം മഖാം, കുന്നത്ത് മഖാം, ഐ.എച്ച്.ആർ.ഡി. കോളേജ്,നെല്ലിശ്ശേരി സ്കൂൾ, കക്കിടിപ്പുറം എ.എം.എൽ.പി. സ്കൂൾ, കക്കിടിപ്പുറം കെ.വി.യു.പി. സ്കൂൾ,അൽഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, സംസ്കൃതി സ്കൂൾ, ദലാഉൽ ഖൈറാത്ത് അറബിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പ്രതിദിനം സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.റോഡ് വികസനത്തിന്റെ ഭാഗമായി നിലവിലുള്ള ആറ് മീറ്റർ വീതി എട്ട് മീറ്ററായി വർധിപ്പിക്കാൻ നാട്ടുകാർ തയ്യാറായിട്ടുണ്ട്.ഇതിനായുള്ള പ്രവൃത്തികൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.







