ചങ്ങരംകുളം:കേരള സർക്കാരിന്റെ നൂറുദിന ആക്ഷൻ പ്ലാനിന്റെ(കർമ്മപദ്ധതി) ഭാഗമായി നടപ്പിലാക്കുന്ന‘അറൈസ്’ (ARISE) പദ്ധതിക്ക് എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഉജ്ജ്വല തുടക്കം.സ്കൂൾ ടിങ്കറിംഗ് ലാബിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ എം. അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് ഷറഫുദ്ദീൻ എൻ.എച്ച് എന്നിവർ ചേർന്ന് സംയുക്തമായാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.അത്യാധുനിക റോബോട്ടിക് കിറ്റിലെ ‘ഗ്യാസ് സെൻസർ’ സംവിധാനം സദസ്സിന് മുന്നിൽ പ്രവർത്തിപ്പിച്ചു.കൊണ്ടുള്ള വേറിട്ട ഉദ്ഘാടന രീതി ഏറെ ശ്രദ്ധേയമായി.പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒരുക്കിയ വിപുലമായ ‘റോബോ എക്സ്പോ’ ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികൾക്കായി തുറന്നു കൊടുത്തു.അത്യാധുനിക സാങ്കേതികവിദ്യകളും വിവിധയിനം റോബോട്ടിക് മോഡലുകളും നേരിട്ട് കണ്ടറിയാൻ വിദ്യാർത്ഥികൾ എക്സ്പോയിൽ എത്തി.ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങൾ അടുത്തറിയാൻ എക്സ്പോ വിദ്യാർത്ഥികൾക്ക് വലിയൊരു അവസരമായി മാറി.ഇതോടൊപ്പം തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യകളെക്കുറിച്ചും പ്രതിപാദിക്കുന്ന ‘ഫ്രീഡം സോഫ്റ്റ്‌വെയർ പ്രസന്റേഷൻ ക്ലാസും’,വിദ്യാർത്ഥികൾക്കായി ആവേശകരമായ ‘ഫ്രീഡം സോഫ്റ്റ്‌വെയർ ക്വിസ്’ മത്സരവും സംഘടിപ്പിച്ചു.







