തൃത്താല:വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍. വിളയൂർ സ്വദേശി മുഹമ്മദ് റാഫിയെയാണ് തൃത്താല പോലീസ് പിടികൂടിയത്.ഞായറാഴ്ച ഉച്ചയോടെ പട്ടാമ്പി പാലത്തിന് സമീപം ചോലക്കൽ ലോഡ്ജിന് സമീപം നടത്തിയ പരിശോധനയിലാണ് 40കാരനായ മുഹമ്മദ് റാഫി പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.ബാഗിൽ മൂന്ന് കവറുകളിലായി ചെറിയ പൊതികളാക്കിയാണ് എം.ഡി.എം.എ. സൂക്ഷിച്ചിരുന്നത്. ഇയാളിൽ നിന്ന് പണവും പോലീസ് പിടിച്ചെടുത്തു.മറ്റ് അടിപിടി കേസുകളിലും മുഹമ്മദ് റാഫി പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.തൃത്താല എസ്.ഐ. എം.എസ്.സത്യജിത്ത്, എ.എസ്.ഐ. സന്ധ്യ,സി.പി.ഒമാരായ ശ്രീരാജ്, അരുൺ എന്നിവരും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.







