കുമരനല്ലൂര്‍:ആതുരസേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട കുമരനല്ലൂരിലെ ജനകീയ ഡോക്ടർ ഡോ.വേണുഗോപാലിനെ കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും കുമരനല്ലൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി ആദരിച്ചു.തൃത്താല നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി. എം. അലി മാസ്റ്റർ ഡോ. വേണുഗോപാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പതിറ്റാണ്ടുകളായി നാടിന്റെ ആരോഗ്യരംഗത്ത് അദ്ദേഹം നൽകിവരുന്ന നിസ്വാർത്ഥ സേവനവും ജനങ്ങളോടുള്ള ആത്മബന്ധവും ചടങ്ങിൽ അനുസ്മരിച്ചു.
സേവനത്തെ കേവലം സാമ്പത്തിക നേട്ടമായി കാണാതെ, സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി പ്രവർത്തിക്കുന്ന ഡോക്ടറെന്ന നിലയിൽ ഡോ. വേണുഗോപാൽ കുമരനല്ലൂരിന്റെ സാമൂഹിക ജീവിതത്തിൽ വേറിട്ട സ്ഥാനമാണ് നേടിയിട്ടുള്ളത്. രോഗികളോട് കരുണയും പരിഗണനയും പുലർത്തി,സാധാരണക്കാരുടെ ആരോഗ്യപ്രശ്നങ്ങളിൽ താങ്ങും ആശ്വാസവുമായി നിലകൊണ്ട അദ്ദേഹത്തിന്റെ സേവനം നാടിന് ഏറെ വിലപ്പെട്ടതാണ്.കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ നാസർ, വാർഡ് മെമ്പർ അലി കുമരനല്ലൂർ, കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പത്തിൽ മൊയ്തുണ്ണി, ജനറൽ സെക്രട്ടറി സി. വി. അബ്ദുൽ ഖാദർ, വൈസ് പ്രസിഡണ്ടുമാരായ ഖാലിദ് തേറയിൽ, എം. വി. ഫസൽ മാസ്റ്റർ, കുമരനല്ലൂർ ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം. കെ. ഹൈദരലി, ട്രഷറർ കെ. കെ. ഷമീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ആതുരസേവനത്തിന് സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളമായി നൽകിയ ഈ അംഗീകാരം,നാടിന്റെ ആരോഗ്യരംഗത്ത് ഡോ.വേണുഗോപാൽ നൽകിയ മഹത്തായ സംഭാവനകളോടുള്ള നന്ദികൂടിയായി.







