ചങ്ങരംകുളം:മൂക്കുതലയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പോലീസ്. പ്രതികളായ 4 പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. മൂക്കുതല സ്വദേശികളായ ജിതിൻ(25), നിഹാൽ(18), മുഹമ്മദ് ഹാദിഫ്(19), രാഹുൽ(25) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് ചങ്ങരംകുളം എസ്.ഐ ജിതിൻ വാസ് പറഞ്ഞു.
ഈ മാസം 22-നാണ് കേസിന് ആസ്പദമായ സംഭവം. മൂക്കുതല സ്വദേശി വെന്നില വളപ്പിൽ അഫ്സലിനെയാണ് യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മുൻവിരോധം തീർക്കാൻ അഫ്സലിനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി മൂക്കുതല കാവിൽപാടം കുളത്തിന് സമീപം വെച്ച് അഞ്ച് പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
സംഭവത്തിൽ ചങ്ങരംകുളം പോലീസിന് ലഭിച്ച പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







