ചാലിശ്ശേരി:കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് പലതവണയായി 3.85 കോടി രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത കേസിൽ അസിസ്റ്റൻ്റ് മാനേജർ അറസ്റ്റിൽ.തൃത്താല പരുതൂർ പള്ളിപ്പുറം പടിയൻചിറയ്ക്കൽ വീട്ടിൽ ടി.വിജേഷിനെയാണ് (38) ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറി ഉടമയായ തിരുമിറ്റക്കോട് ചാത്തന്നൂർ വെട്ടത്ത് പറമ്പിൽ കരീം നൽകിയ പരാതിയിലാണ് പോലീസ് നടപടി.സ്ഥാപനത്തിൽ അസിസ്റ്റൻ്റ് മാനേജരായി ജോലി ചെയ്തുവരികയായിരുന്ന വിജേഷ് 2022 ഏപ്രിൽ മാസം മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു.സ്ഥാപനത്തിലെ സ്വർണത്തിൻ്റെ ഭാരത്തിലും എണ്ണത്തിലും വ്യവസ്ഥാപിതമായി കൃത്രിമം കാണിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ആകെ 2,510.915 ഗ്രാം അതായത് ഏകദേശം രണ്ടരക്കിലോയോളം സ്വർണമാണ് സ്ഥാപനത്തിൽ നിന്ന് നഷ്ടപ്പെട്ടത്.ഇത്തരത്തിൽ കൈക്കലാക്കിയ സ്വർണം പട്ടാമ്പി,കൂറ്റനാട് തുടങ്ങിയ ഭാഗങ്ങളിലെ സേട്ടുമാർക്ക് നൽകിയതെന്നാണ് പ്രാഥമിക സൂചന.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തട്ടിയെടുത്ത സ്വർണം വീണ്ടെടുക്കുന്നതിനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







