ചങ്ങരംകുളം:ഇൻഡസ് ടവേഴ്സും കാളാച്ചാൽ വാസികളും തമ്മിൽ മാസങ്ങളായി തുടരുന്ന ടവർ നിർമ്മാണ തർക്കം രമ്യമായി ഒത്തുതീർന്നു.കഴിഞ്ഞ ഇരുപത് വർഷങ്ങളായി കാളാച്ചാലിൽ സ്ഥാപിച്ചിട്ടുള്ള ടവർ ദുർബലമായതിനെ തുടർന്ന് പുതിയ ടവർ സ്ഥാപിക്കുന്നതിനെതിരെ തദ്ദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.തഹസിൽദാർ,ആർ.ഡി.ഒ, കളക്ടർ തുടങ്ങി വിവിധ തലങ്ങളിൽ മാരത്തോൺ ചർച്ചകളും കോടതി വ്യവഹാരങ്ങളുമായി ടവർ നിർമ്മാണം ക്രമസമാധാന പ്രശ്നമായി ഉടലെടുത്തിരുന്നു.
പോലീസ് കേസും സംഘർഷവും രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.കഴിഞ്ഞ മാസങ്ങളിൽ പോലീസ് സംരക്ഷണയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞിരുന്നു.ഇതിനിടെ കെ.പി. നൗഷാദ് അലി എം.എൽ.എ ഇടപെട്ട് ടവർ കമ്പനിയെയും ആക്ഷൻ കമ്മിറ്റി പ്രവർത്തകരെയും വിളിച്ചു ചേർത്ത് നടത്തിയ യോഗത്തിലാണ് പരിഹാര നിർദേശങ്ങൾ ഉരുത്തിരിഞ്ഞത്.
പഴയ ടവർ രണ്ട് മാസത്തിനുള്ളിൽ പൊളിച്ചു മാറ്റും.പുതിയ ടവറിന് ചുറ്റും 10 അടി ഉയരത്തിൽ ചുറ്റുമതിൽ സ്ഥാപിക്കും.കമ്പനി ജീവനക്കാർ മതിൽക്കെട്ടിന് പുറത്ത് ജോലിക്കായി സമയം ചെലവഴിക്കാൻ പാടില്ലെന്ന നാട്ടുകാരുടെ നിബന്ധന കമ്പനി അംഗീകരിച്ചു.ടവർ ജനറേറ്ററിന്റെയും എക്സോസ്റ്റ് ഫാനുകളുടെയും പ്രവർത്തനം മൂന്നിലൊന്ന് കുറയ്ക്കും.എക്സിറ്റുകൾ പരിസര വീടുകളുടെ ദിശയിൽ നിന്ന് മാറ്റി സ്ഥാപിക്കും.
ഈ നിബന്ധനകൾ കമ്പനി അംഗീകരിച്ചതോടെ ടവർ പണിയോട് സഹകരിക്കണമെന്ന എം.എൽ.എയുടെ അഭ്യർത്ഥന നാട്ടുകാർ അംഗീകരിച്ചു.ഇതോടെ ഒരു വർഷത്തിലധികം കാലം നീണ്ടു നിന്ന തർക്കത്തിന് ശുഭപര്യവസാനമായി.ചർച്ചയിൽ ഇൻഡസ് ടവേഴ്സിനെ പ്രതിനിധീകരിച്ച് മാനേജർ സജീഷ്, ശരത്കുമാർ, ഷമീം എന്നിവർ പങ്കെടുത്തു.നാട്ടുകാരെ പ്രതിനിധീകരിച്ച് പഞ്ചായത്ത് മെമ്പർ ശ്രീദിവ്യ,അബ്ദുള്ളക്കുട്ടി, കണ്ണൻ നമ്പ്യാർ, ലക്ഷ്മണൻ, ജഹാംഗീർ, ഗഫൂർ, നാസർ, ഉണ്ണിക്കുട്ടൻ, ബാവുണ്ണി,അബൂബക്കർ, ബാവു തുടങ്ങിയവർ സംബന്ധിച്ചു.







