ചങ്ങരംകുളം:സർഗ്ഗാത്മകതയുടെ പുതിയ വസന്തത്തിന് തിരിതെളിയിച്ച് പുന്നക്കൽ ദാറുൽ ഇഹ്‌സാൻ ഇസ്ലാമിക് അക്കാദമി ആർട്സ് ഫെസ്റ്റിവൽ ‘WEGO’-ന് പ്രൗഢോജ്ജ്വലമായ തുടക്കം.വ്യക്തികേന്ദ്രീകൃത ചിന്തകളിൽ നിന്ന് കൂട്ടായ്മയുടെയും ഐക്യത്തിന്റെയും വിശാല ലോകത്തേക്ക് വിദ്യാർത്ഥികളെ നയിക്കുക എന്ന ലക്ഷ്യത്തോടെ ‘Ego to Wego’ എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ കലാവസന്തം അരങ്ങേറുന്നത്.വിദ്യാർത്ഥി ജിനാൻ അറഫാത്തിന്റെ മനോഹരമായ ഖുർആൻ പാരായണത്തോടെയാണ് ഉദ്ഘാടന സമ്മേളന നടപടികൾ ആരംഭിച്ചത്. ഫെസ്റ്റ് കമ്മിറ്റി കൺവീനർ അദ്നാൻ സി.പി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ദാറുൽ ഇഹ്‌സാൻ പ്രിൻസിപ്പൽ ഉസ്താദ് ഇസ്ഹാഖ് ഹുദവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെയും കൂട്ടായ്മയുടെ കരുത്തിനെയും അദ്ദേഹം പ്രകീർത്തിച്ചു.കലാരംഗത്തെ വേറിട്ട ഈ മാമാങ്കം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ ആന്തരിക കഴിവുകളെ പുറത്തെടുക്കാനും മൂല്യാധിഷ്ഠിതമായി സമൂഹത്തിൽ ഇടപെടാനും ഇത്തരം കലാമേളകൾ വലിയ ഊർജ്ജം നൽകുമെന്ന് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ദാറുൽ ഇഹ്‌സാൻ ജനറൽ സെക്രട്ടറി ഉസ്താദ് റഫീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. നന്നമുക്ക് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ,ദാറുൽ ഇഹ്‌സാൻ വൈസ് പ്രിൻസിപ്പൽ ഉസ്താദ് അബ്ദു റഹ്മാൻ വാഫി, ഉസ്താദ് സുഹൈൽ ഹുദവി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വരും ദിവസങ്ങളിൽ കാമ്പസിലെ വിവിധ വേദികളിലായി വിദ്യാർത്ഥികളുടെ മാറ്റുരയ്ക്കുന്ന വൈവിധ്യമാർന്ന കലാ-സാഹിത്യ മത്സരങ്ങൾ അരങ്ങേറും.






