പൊന്നാനി: മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലായി സ്ഥിതിചെയ്യുന്ന പൊന്നാനി, തിരൂർ, ചാവക്കാട്, പട്ടാമ്പി താലൂക്കുകളെ ഉൾപ്പെടുത്തി പൊന്നാനി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഭരണസൗകര്യവും പ്രദേശത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് പൊന്നാനി തൗദാരം കൂട്ടായ്മ തയ്യാറാക്കിയ വിശദമായ നിർദ്ദേശങ്ങളടങ്ങിയ നിവേദനം പൊന്നാനി എം.എൽ.എ. കെ. പി. നൗഷാദലി മുഖേന മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
നിർദ്ദിഷ്ട ജില്ലയിൽ മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ താലൂക്കുകളും,തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കും,പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കുമാണ് ഉൾപ്പെടുത്തുന്നത്.ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ നിരവധി പൊതു സവിശേഷതകളുള്ള ഈ പ്രദേശങ്ങളെ ഏകോപിപ്പിച്ചുള്ള ഭരണസംവിധാനം വികസനത്തിന് കൂടുതൽ ഗുണകരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2011-ലെ സെൻസസ് കണക്കുകൾ പ്രകാരം നാല് താലൂക്കുകളിലുമായി ഏകദേശം 18.74 ലക്ഷം ജനസംഖ്യയും 1,162.35 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും വരും.പുതിയ ജില്ലകളും താലൂക്കുകളും സംബന്ധിച്ച് സർക്കാർ നിയോഗിക്കുന്ന കമ്മീഷന്റെ പരിഗണനയിൽ പൊന്നാനി ജില്ലയെന്ന നിർദ്ദേശം കൂടി ഉൾപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെടുന്നത്.
ഭാരതപ്പുഴ, തിരൂർ പുഴ, തീരദേശ മേഖല എന്നിവയെ ഏകോപിപ്പിച്ച് സമഗ്ര വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുക, തുഞ്ചൻപറമ്പ്–തിരുനാവായ–പൊന്നാനി–പട്ടാമ്പി–ചാവക്കാട്–ഗുരുവായൂർ ടൂറിസം സർക്യൂട്ട് വികസിപ്പിക്കുക, ഹാർബർ-മത്സ്യബന്ധന മേഖലകൾക്ക് പ്രത്യേക വികസന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.കൂടാതെ പുതിയ ജില്ലാ അടിസ്ഥാനത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി,മാതൃ-ശിശു പരിചരണ കേന്ദ്രങ്ങൾ,സർക്കാർ കോളേജുകൾ,ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
“18 ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് ഭരണസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും നിളയോര-തീരദേശ മേഖലകളുടെ ഏകോപിത വികസനത്തിനും പൊന്നാനി ജില്ല രൂപീകരണം പരിഗണിക്കണം”എന്നാണ് നിവേദനത്തിലെ മുഖ്യ ആവശ്യം.
തൗദാരം കൂട്ടായ്‌മക്ക് വേണ്ടി റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് ആണ് എം.എൽ.എ ക്ക് നിവേദനം നൽകിയത്. തൗദാരം ഭാരവാഹികളായ കെഎം അബ്‌ദുറഹ്‌മാൻ, ലത്തീഫ് കളക്കര, കമാലുദ്ധീൻ പി.പി, നൂറുദ്ധീൻ കോയ ,യു.കെ കബീർ, ടി. ഷാഹുൽ ഹമീദ്, യു.കെ അമാനുള്ള എന്നിവരും സന്നിഹിതരായിരുന്നു. പ്രമുഖരെ പങ്കെടുപ്പിച്ച്
ഈ വിഷയത്തിൽ വിപുലമായ സെമിനാർ സംഘടിപ്പിക്കാനും തൗദാരം കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.






