ഇറാൻ ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പർ സ്പോൺസർ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ എന്നും പശ്ചിമേഷ്യയുടെ ഭീഷണിയാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ഭരണ നേട്ടവും ലോകസമാധാനത്തിന് നടത്തിയ സംഭവനയും എടുത്ത് പറഞ്ഞാണ് പൊതുസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം
51 വർഷമായി, മതഭ്രാന്തരായ ഇറാനിയൻ ഭരണകൂടം രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും നടത്തി ഭരിച്ചു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ നരകത്തിലേക്ക് തള്ളിവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇടക്കാല തിരഞ്ഞെടുപ്പിൽ നേരിട്ടേക്കാവുന്ന തിരിച്ചടി തന്നെ ആശങ്കപ്പെടുത്തില്ല. രണ്ടര വർഷം കൂടി ഞാൻ ഈ സ്ഥാനത്ത് ഉണ്ടാകും. അത് ചിലർക്ക് ഓർമയില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ കാര്യത്തിൽ തനിക്ക് ഒരു വലിയ തീരുമാനം എടുക്കാനുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം അത് സംഭവിക്കും. നവംബറിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഇറാൻ ഒരു കരാറിൽ എത്തുമെന്നാണ് വിശ്വാസമെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ ട്രംപിന്റെ പ്രസംഗത്തിനിടെ യുഎൻ ജനറൽ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയി ഇറാനിയൻ പ്രതിനിധി സംഘം. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും ജനറൽ അസംബ്ലി ഹാളിൽ എത്തിയിരുന്നില്ല. ഹാളിൽ ഉണ്ടായിരുന്ന പ്രതിനിധി സംഘത്തിലെ മറ്റുള്ളവരാണ് ഇറങ്ങിപ്പോയത്.
ഇറാൻ യുദ്ധത്തിന് ശേഷം യുഎസിന്റെ ആയുധ ശേഖരം കുറഞ്ഞെന്ന് ചിലർ പറഞ്ഞു. എന്നാൽ അത് പറഞ്ഞവർ ഭീരുക്കളും രാജ്യവിരുദ്ധരുമാണ്. യുഎസിന്റെ ആയുധ ശേഖരത്തിൽ ഇനിയും ഉപയോഗിക്കാത്ത നിരവധി ആയുധങ്ങളും ഉണ്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം സൈനിക ശക്തികൾക്ക് മാത്രം ലോകത്ത് സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്ന് ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ട്റസിന്റെ ആമുഖ പ്രഭാഷണത്തിൽ ഓർമപ്പെടുത്തി.







