വട്ടംകുളം: ഒക്ടോബർ 2 സ്വച്ഛ് ഭാരത് ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജനകീയ ശുചിത്വ പ്രവർത്തന ക്യാമ്പയിനായ “കൈയോട് കൈ” പദ്ധതിക്ക് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൾ നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്കിൽ, സെക്രട്ടറി ആർ. രാജേഷ്, ഭരണസമിതി അംഗങ്ങളായ എം.വി. മുബഷിറ, എം.ജി. സുരേഷ്, സതീഷ് അയ്യാപ്പിൽ, ടി.എം. നാസർ എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി സമൂഹം, വിവിധ വകുപ്പുകൾ, പൊതുജനങ്ങൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് നാടിന്റെ ശുചിത്വത്തിനായി കൈകോർക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പഞ്ചായത്തിൽ വിവിധ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.







