പൊന്നാനി: പൂക്കൈതക്കടവ് സംരക്ഷണഭിത്തി നിർമ്മാണത്തിനും വള്ളംകളി പവലിയനുമായി കാത്തിരുന്ന പൊന്നാനിക്കാർക്ക് സന്തോഷവാർത്ത. പദ്ധതിയുടെ മുന്നോടിയായുള്ള പ്രാഥമിക പഠനങ്ങൾക്കായി 4.15 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പ് അനുവദിച്ചതായി ചീഫ് എഞ്ചിനീയർ പി. ശ്രീദേവി ഉത്തരവിറക്കി.
മണ്ണു പരിശോധന, ടാപ്പോഗ്രാഫിക് സർവ്വേ, റിവർ ക്രോസ് സെക്ഷൻ സർവ്വേ, ബെഞ്ച്മാർക്ക് സ്ഥാപിക്കൽ, ചെളിയുടെ സാധ്യത പഠനം എന്നിവക്കായാണ് തുക അനുവദിച്ചിട്ടുള്ളത്. പഠനത്തിനായുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ. അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി അന്തിമ ടെണ്ടറിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന പൊന്നാനി ജലോത്സവത്തിന് പവലിയൻ ഇല്ലാത്തത് വർഷങ്ങളായി വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വരുംവർഷത്തെ വള്ളംകളിക്ക് മുൻപായി പവലിയൻ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.







