കടവല്ലൂർ: കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ 2026–27 അധ്യയന വർഷത്തെ സ്കൂൾ കലാമേള ‘സർഗം 2026’ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ‘നിറങ്ങളുടെ ഉത്സവം, സർഗാത്മകതയുടെ ആഘോഷം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മേള പ്രശസ്ത കഥകളി നടനും കോട്ടക്കൽ ശിവരാമൻ ഓർമ പുരസ്കാര ജേതാവുമായ രാജീവ് പിശ്ശപ്പിള്ളി ഉദ്ഘാടനം ചെയ്തു.പി.ടി.എ., അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് ഉദ്ഘാടന ചടങ്ങിൽ രാജീവ് പിശ്ശപ്പിള്ളി അവതരിപ്പിച്ച കഥകളിയിലെ ഭാവാഭിനയം സദസ്സിന് വേറിട്ട അനുഭവമായി.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് എം.എ. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജിഷ പി.വി. സ്വാഗതവും ശബ്ന ടീച്ചർ നന്ദിയും പറഞ്ഞു. പ്രഭാത് മുല്ലപ്പിള്ളി, വാർഡ് മെമ്പർ ശശി, എം.പി.ടി.എ. പ്രസിഡന്റ് സബിത പി.വി., എസ്.എം.സി. ചെയർമാൻ സുനിത കെ.കെ., മുൻ പി.ടി.എ. പ്രസിഡന്റ് അരുൺ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കലാമേളയിൽ നിരവധി വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.







