തൃത്താല: കിടപ്പുരോഗികൾക്ക് ആശ്വാസമേകുന്ന പാലിയേറ്റീവ് കെയർ ക്ലിനിക്ക് നിർമാണത്തിനായി സ്വന്തമായിട്ടുള്ള 10 സെന്റിലേറെ സ്ഥലം സൗജന്യമായി വിട്ടുനൽകി ഒതളൂർ കോമത്ത് വെങ്ങാലിൽ രോഹിണി മേനോൻ മാതൃകയായി. പടിഞ്ഞാറങ്ങാടി ആശ്രയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കാണ് ഇവർ സ്ഥലം സ്നേഹദാനമായി നൽകിയത്.
പടിഞ്ഞാറങ്ങാടിയിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ രേഖകൾ രോഹിണി മേനോൻ ആശ്രയ പ്രസിഡന്റ് ഡോ. എ.ഐ. കമറുദ്ദീന് കൈമാറി. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. രാധ, സനിത എം.സി., സി.പി.ഐ.പി. ജില്ലാ പ്രസിഡന്റ് സി.ടി. സെയ്തലവി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ആശ്രയ പാലിയേറ്റീവ് കെയർ ക്ലിനിക്ക് സെക്രട്ടറി പി. ബഷീർ സ്വാഗതവും എൻ.വി. മുഹമ്മദുണ്ണി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ നിരവധി പാലിയേറ്റീവ് വളന്റിയർമാരും പ്രദേശത്തെ പൗരപ്രമുഖരും പങ്കെടുത്തു.









