തിരുവനന്തപുരം: സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ നഷ്ടമുണ്ടാകുമെന്ന് കെഎസ്ഇബി. സ്വകാര്യ വൈദ്യുതി ലഭിച്ചാലും വൈദ്യുതിക്ഷാമം ഉണ്ടായേക്കും. ഹിമാചലിൽ നിന്നുള്ള വൈദ്യുതി ഫലപ്രദം. ഹിമാചൽ വൈദ്യുതി രാത്രിയും ഉപയോഗിക്കാൻ കഴിയും. 800 മുതൽ 1200 മെഗാവാട്ട് വരെ വൈദ്യുതി ഹിമാചലിൽ നിന്ന് ലഭിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. GNA വഴി വൈദ്യുതി 500 മെഗാവാട്ട് മാത്രമാത്രമാണ് ലഭിക്കുക.
ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന 2232 കോടിയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സ്വകാര്യ കമ്പനിയായ ജിഎന്‍എ വഴി വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോഗം ഏറ്റവും കൂടുന്ന പീക്ക് ഹവറുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത് ജി.എന്‍.എ വഴിയാണ്. സാമ്പത്തിക ബാധ്യത പരിശോധിച്ചാല്‍, ജിഎന്‍എ വഴി വാങ്ങുമ്പോള്‍ 2.6 രൂപയുടെ മാത്രം അധിക ബാധ്യതയാണ് വരുന്നത്, എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരാര്‍ വഴിയാണെങ്കില്‍ അത് 8.5 രൂപ അധിക ബാധ്യതയാകും. ഇതില്‍ കുറവ് ചെലവ് വരുന്നത് ജിഎന്‍.എ തന്നെയാണ്. 8 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി വാങ്ങാതെ 14 രൂപയുടെ വൈദ്യുതി വാങ്ങിയാല്‍ അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട രണ്ട് ഫയലുകളാണ് വന്നത്. ഒന്ന്, ഹിമാചല്‍ പ്രദേശില്‍ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളതും, രണ്ടാമത്തേത് ജിഎന്‍എ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാനുള്ളതുമാണ്. ഇത് നേരിട്ട് സര്‍ക്കാരുമായുള്ള ഇടപാടല്ല, പവര്‍ ട്രേഡിങ് കോര്‍പ്പറേഷന്‍ വഴിയാണ്. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധികബാധ്യത സര്‍ക്കാരിന് ഉണ്ടാകുമായിരുന്നു. അത് സര്‍ക്കാരിന് എടുക്കാന്‍ പറ്റില്ല. അതുകൊണ്ട് ജിഎന്‍എയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചു. പീക്ക് സമയങ്ങളില്‍ ഹിമാചലില്‍ നിന്ന് 353 മെഗായൂണിറ്റ് വൈദ്യുതിയാണ്. അതേസമയം ജി.എന്‍.എയില്‍ നിന്ന് പീക്ക് സമയത്ത് 453 മെഗായൂണിറ്റ് വൈദ്യുതിയാണ് കിട്ടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ 2025-ൽ ഇതേ കമ്പനിയിൽ നിന്ന് (ജി.എൻ.എ.) വൈദ്യുതി വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് എൻ.ടി.പി.സി.യിൽ നിന്ന് വളരെ കുറച്ച് വൈദ്യുതിയാണ് വാങ്ങിയത്. ബാക്കി മുഴുവൻ സ്വകാര്യ കമ്പനികളിൽ നിന്നാണ് വാങ്ങിയത്. ജിൻഡാൽ, അദാനി, ജി.എൻ.എ. ഉൾപ്പെടെ അന്ന് വൈദ്യുതി വാങ്ങിയ നിരവധി സ്വകാര്യ കമ്പനികളുടെ പട്ടിക എന്റെ കൈയിലുണ്ട്. കഴിഞ്ഞ രണ്ടുമാസവും സ്വകാര്യ കമ്പനികളിൽ നിന്ന് തന്നെയാണ് വൈദ്യുതി വാങ്ങിയത്. കെ.എസ്.ഇ.ബി. ഭൂരിഭാഗം വൈദ്യുതിയും വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്.’ -വി.ഡി. സതീശൻ പറഞ്ഞു.










