എടപ്പാൾ: റോട്ടറി ക്ലബ് എടപ്പാളിന്റെ ആഭിമുഖ്യത്തിൽ ജി.എച്ച്.എസ്.എസ്. എടപ്പാളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി (SPC) ബേസിക് ലൈഫ് സപ്പോർട്ട് (BLS), ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും ജീവൻ രക്ഷിക്കാനുള്ള പ്രായോഗിക കഴിവുകൾ വളർത്താനും ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.
സ്കൂളിൽ നടന്ന ചടങ്ങ് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹരിനാരായണൻ കെ. ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് പ്രകാശ് പുളിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് കെ.വി. സ്വാഗതം ആശംസിച്ചു.
കേരള സിവിൽ ഡിഫൻസ് കോർപ്സിലെ അൻവർ ശാന്തപുരം, അനൂപ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രഥമശുശ്രൂഷാ രീതികൾ, ബേസിക് ലൈഫ് സപ്പോർട്ട്, ദുരന്തനിവാരണ മുൻകരുതലുകൾ, രക്ഷാപ്രവർത്തന രീതികൾ എന്നിവയിൽ കേഡറ്റുകൾക്ക് പ്രായോഗിക പരിശീലനവും ബോധവൽക്കരണവും നൽകി.
സ്കൂൾ ഹെഡ്മിസ്ട്രസ് റജീന വി.എം., അധ്യാപകരായ രഞ്ജിത്ത്, ഗിരി കെ.ബി., സുരേഷ് (ബിന്ദു സ്റ്റീൽസ്), പ്രതാപ് (ധനലക്ഷ്മി ബാങ്ക്) എന്നിവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരിശീലനത്തിൽ സജീവമായി പങ്കെടുത്തു.










