പൊന്നാനി:ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിട്ടിരുന്ന പൊന്നാനി KSRTC ഡിപ്പോയിലെ പ്രതിസന്ധിക്ക് പരിഹാരമായി.ഡിപ്പോയിലേക്ക് പുതുതായി 4 ഡ്രൈവർമാരെയും 2 മെക്കാനിക്കുകളെയും 4 കണ്ടക്ടർമാരെയും നിയമിച്ചുകൊണ്ട് KSRTC ഉത്തരവിറക്കി.കെപിനൗഷാദ് അലി എംഎൽഎ തിരുവനന്തപുരത്ത് നടത്തിയ ഉന്നതതല ഇടപെടലിനെ തുടർന്നാണ് നടപടി.ഇതോടെ പൊന്നാനിയിൽ ബസ് സർവീസുകൾ മുടങ്ങില്ലെന്ന് ഉറപ്പായി.പുതിയ സർക്കാർ നിലവിൽ വന്ന ശേഷം മൂന്നു പുതിയ സർവീസുകൾ പൊന്നാനിയിൽ നിന്ന് ആരംഭിച്ചിരുന്നു.എന്നാൽ ജീവനക്കാരുടെ അഭാവം മൂലം നിലവിലുള്ള സർവീസുകൾ പോലും പലപ്പോഴും മുടങ്ങുന്ന സ്ഥിതിയായിരുന്നു.
ശമ്പള പ്രശ്നങ്ങളും ജീവനക്കാരുടെ തുടർച്ചയായ അവധിയും പുതിയ നിയമനങ്ങൾ ഇല്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.യാത്രക്കാരെ വലയ്ക്കുന്ന സർവീസ് മുടങ്ങലുകൾക്ക് ഏക പരിഹാരം മതിയായ ജീവനക്കാരെ നിയമിക്കുക എന്നതായിരുന്നു.എം.എൽ.എ നടത്തിയ അടിയന്തര ഇടപെടലിനെ തുടർന്നാണ് 10 ജീവനക്കാരെ അടിയന്തരമായി നിയമിക്കാൻ KSRTC തീരുമാനിച്ചത്.തിരുവനന്തപുരത്ത് നിന്ന് മടങ്ങുമ്പോൾ പൊന്നാനിക്ക് എന്താണ് സർപ്രൈസ് എന്ന ആകാംക്ഷയ്ക്ക് ഇതോടെ വിരാമമായി.വ്യത്യസ്ത റൂട്ടുകളിലായി പൊന്നാനിയിൽ നിന്ന് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് എം.എൽ.എയുടെ ഇടപെടൽ വലിയ ആശ്വാസമാകും.








