തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധൻ ചാപ്ലിനും ചിരിക്കുന്നു, സ്വയംപറുദീസ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. സായാഹ്നം സംസ്ഥാന സർക്കാരിന്റെ 7 പുരസ്കാരങ്ങൾ നേടി.ഡോക്യുമെന്ററി സംവിധായകനായാണ് ആർ.ശരത് സിനിമാജീവിതം ആരംഭിച്ചത്. ദ് പെയിന്റഡ് എപ്പിക്സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ കിളിമാനൂർ ക്ഷേത്രത്തിൽനിന്ന് രാജാ രവി വർമയുടെ ചില അപൂർവ ചുവർചിത്രങ്ങൾ ശരത് കണ്ടെത്തിയിരുന്നു. രാജാ രവിവർമ പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കാത്ത ചിത്രങ്ങളായിരുന്നു അവ. ചുമർചിത്ര പഠനശാഖയ്ക്കു വലിയ മുതൽക്കൂട്ടായിരുന്നു ആ കണ്ടെത്തൽ. ഇതിന്റെ ഗവേഷണത്തിന് 1996 ലെ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും ലഭിച്ചു
2000 ൽ പുറത്തിറങ്ങിയ സായാഹ്നമാണ് ആദ്യ ചിത്രം. പ്രശസ്ത നാടകപ്രവർത്തകൻ ഒ.മാധവനാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒ.എൻ.വി. കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയെ ആസ്പദമാക്കിയൊരുക്കിയ ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.







