ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനത്തിന് പുറമെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആറ് വരികളുള്ള അതിന്റെ പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന കേന്ദ്ര നിയമ ഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ. ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണ്ണമായി പാടണമെന്ന വ്യവസ്ഥ പ്രായോഗികമല്ല. ദേശീയഗാനത്തിന് 52 സെക്കൻഡും വന്ദേമാതരത്തിന് 3 മിനിറ്റ് 10 സെക്കൻഡും സമയമെടുക്കും.
സംസ്ഥാന ഗാനങ്ങൾ കൂടിയാകുമ്പോൾ ജനങ്ങൾ 6 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരും. ഒരു ചടങ്ങിൽ ആകെ 12 മിനിറ്റോളം ജനങ്ങൾ എഴുന്നേറ്റ് നിൽക്കണമെന്ന് പറയുന്നത് പ്രായോഗികമാണോ. ബഹുമാനവും ക്ഷമയും നിയമം വഴി അടിച്ചേൽപ്പിക്കാനാകുമോ എന്ന് ശശി തരൂരിൻ്റെ ചോദ്യം. ദേശീയഗീതത്തോടുള്ള ബഹുമാനം വർദ്ധിപ്പിക്കാനെന്ന പേരിലുള്ള നിയമം വിപരീതഫലം ഉണ്ടാക്കുമെന്ന് തരൂർ വ്യകത്മാക്കി.
പാർലമെന്റിൽ ചർച്ച കൂടാതെയാണ് ഈ ഭേദഗതി പാസാക്കിയതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വന്ദേമാതരത്തെയും ജനഗണമനയെയും താൻ പൂർണ്ണമായി ബഹുമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ തരൂർ, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ പാടാൻ തനിക്കറിയാമെന്നും പറഞ്ഞു. ഇതുവരെ ഔദ്യോഗിക ചടങ്ങുകളിൽ ഈ അധിക വരികൾ നിർബന്ധമാക്കിയിരുന്നില്ല. ഒരു ഔദ്യോഗിക ചടങ്ങിന്റെ തുടക്കത്തിലും ഒടുവിലും ഈ ഗാനങ്ങളെല്ലാം പൂർണ്ണരൂപത്തിൽ പാടുമ്പോൾ സദസ്സ് എത്ര സമയം എഴുന്നേറ്റു നിൽക്കേണ്ടി വരും എന്ന പ്രായോഗിക ബുദ്ധിമുട്ടാണ് തരൂർ ചൂണ്ടിക്കാണിക്കുന്നത്.
ദേശീയഗാനം ആലപിക്കാൻ 52 സെക്കൻഡ് മതിയാകും. എന്നാൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ പാടാൻ 3 മിനിറ്റും 10 സെക്കൻഡും വേണം. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ ഇതിനെല്ലാം മുൻപ് രണ്ട് മിനിറ്റ് നീളുന്ന തമിഴ് സംസ്ഥാന ഗീതവും ആലപിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ചടങ്ങിന്റെ തുടക്കത്തിലും ഒടുവിലുമായി ആകെ 12 മിനിറ്റോളം ആളുകൾ അനങ്ങാതെ ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കണമെന്ന് പ്രതീക്ഷിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് തരൂർ ചോദിച്ചു. നിയമനിർമ്മാണത്തിലൂടെ ജനങ്ങളിൽ ബഹുമാനവും ക്ഷമയും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും, അമിതമായ ഇത്തരം ശ്രമങ്ങൾ വിപരീത ഫലം ചെയ്തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.








