കൊച്ചി: വിദേശത്തേക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ പാർവതി മായ ഷാജിക്കെതിരെ പരാതിയുമായി കൂടുതൽപേർ രംഗത്ത്. പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്‌ദാനംചെയ്‌ത് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി വഞ്ചിച്ചതായാണ് പരാതികൾ. തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിന്റെ വലിയൊരു പങ്കും വിദേശ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സ്വീകരിച്ചത്. മറ്റ് ജില്ലകളിലും ഇവർക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.
ഇടപ്പള്ലി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ആംസ്റ്റർ ഓവർസീസ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് തുടങ്ങിയ സ്ഥാപനങ്ങൾക്കും വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. 2023 മുതൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ റോൾസ് റോയ്‌സ് അടക്കമുള്ള ആഡംബര കാറുകൾക്കൊപ്പം വിലകൂടിയ ആഭരണങ്ങളും വസ്‌ത്രങ്ങളും ധരിച്ചുള്ള ഇവരുടെ റീലുകൾ വൈറലാണ്. പണം തിരികെ ചോദിച്ച ഉദ്യോഗാർത്ഥികളെ പാർവതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്.പാർവതിയുടെ ഭർത്താവും സ്ഥാപന ഉടമയുമായ അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത് നായർ, അജു കെ മാത്യു, വിഷ്‌ണു വിജയൻ, പാർവതിയുടെ പിതാവ് ഷാജി എന്നിവരും കേസിൽ പ്രതികളാണ്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.








