തൃശ്ശൂർ: തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കണ്ണമ്പുഴ വീട്ടിൽ ജിൻസൺ, മാമ്പുള്ളി വീട്ടിൽ വിവേക്, പുത്തൻപുരയ്ക്കൽ ജിഷ്ണു എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.ചെറുക്കുന്നിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് ലഭിച്ച പെരുമ്പാമ്പിനെ പിടികൂടി കറിവയ്ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇന്നലെ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വനംവകുപ്പ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.









