ചങ്ങരംകുളം: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഫങ് സ്റ്റുഡിയോയുടെ ഇന്ത്യയിലെ പ്രഥമ എഐ സ്ഥാപനത്തിന് ചങ്ങരംകുളത്ത് തുടക്കമായി. ‘ഫൺ ടാക്ക് സ്കൂൾ’ (Fun Tech School) എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം സംസ്ഥാന വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു.
യുകെയിൽ പഠനം പൂർത്തിയാക്കിയ വിദേശ മലയാളി ചെറുപ്പക്കാരുടെ കൂട്ടായ്മയിലാണ് ഈ പ്രസ്ഥാനം രൂപമെടുത്തത്. മുഹമ്മദ് ത്വയ്യിബ്, മുഹമ്മദ് ഷാനിബ്, ആദിൽ, ജുബൈർ, റിയാൻ, റോഷൻ, അനസ്, ഷുഹൈബ് ബക്ക, മുഹമ്മദ് സുഹൈൽ, നിഖിൽ വിജയൻ എന്നിവരാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
സ്ഥാപനങ്ങളുടെ ഓട്ടോമേഷൻ, ടെക് ട്രെയിനിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ-സ്കൂൾ തുടങ്ങിയ വിവിധ സേവനങ്ങളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. യുകെ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള കമ്പനി യുഎഇയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ വൻനഗരങ്ങളിൽ മാത്രമായി ഒതുങ്ങാതെ ഗ്രാമീണ മേഖലകളിലേക്കും ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. സാധാരണയായി ആരും തുനിയാത്ത രീതിയിൽ ഗ്രാമപ്രദേശത്ത് ഇത്തരം ഒരു ഹൈടെക് സംരംഭത്തിന് തുടക്കമിട്ടത് വേറിട്ട ചുവടുവെപ്പാണെന്നും, കേരളത്തിലെ ഗ്രാമങ്ങൾക്ക് ഐടി മേഖലയിൽ വലിയ സാധ്യതകളുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.








