പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്‍പ്പണം നടത്താം. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിച്ചത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല്‍ തന്നെ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുകയാണ്. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് തലേദിവസം ഒരിക്കല്‍ ആചരിച്ചാണ് വിശ്വാസികള്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നത്
ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകളും ഒരുക്കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് ഉള്ളതിനാല്‍ പൊലീസിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നാണ് നിര്‍ദേശം.








