പൊന്നാനി:ഉപജില്ലയിലെ മൂവ്വായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന 37-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 13 ന് തിരശ്ശീലയുയരും. 17 ന് സമാപിക്കും.പുതുപൊന്നാനി എം ഐ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ
ഒൻപത് വേദികളിലും, ഓഫ് സ്റ്റേജ് രചനാ മത്സരങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച 14 ക്ലാസ് റൂം വേദികളിലുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.ജനപ്രതിനിധികളുടെയും വിവിധ അധ്യാപക സംഘടനകളുടെയും ഏകോപനത്തോടെ വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.ഉപജില്ലയിലെ 68-ലധികം വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തിലധികം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.എൽപിയുപി ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ജനറൽ,സംസ്കൃതോത്സവം,അറബിക് കലോത്സവം, ഉറുദു കലോത്സവം എന്നിവയുൾപ്പെടെ ആകെ 311 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊന്നാനി ബി.ആർ.സി/യു.ആർ.സിയുടെ (URC) നേതൃത്വത്തിൽ പ്രത്യേക കലോത്സവവും ഇതോടൊപ്പം നടക്കും.കലോത്സവത്തിനെത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായി വിഭവസമൃദ്ധമായ ഭക്ഷണശാല ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വാര്‍ത്താസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ സി വി സുധ, എ ഇ ഒ അജിത്കുമാർ, എം ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വി പി അബ്ദുൾ മനാഫ്, മീഡിയാ കമ്മറ്റി ഭാരവാഹികളായ ടി എം ശിവകുമാർ,മുഹമ്മദ് റാസി,ജബ്ബാർ മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് പി വി ഇബ്രാഹിം എന്നിവർ പങ്കെടുത്തു







