ചങ്ങരംകുളം: കെ പി എസ് എ ചെസ് ടൂർണമെന്റിൽ 271.5 പോയിന്റ് നേടി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.ആതിഥേയരായ ചമ്മണൂർ അമൽ ഇംഗ്ലീഷ് സ്കൂൾ 230.5 പോയിന്റോടെ റണ്ണറപ്പായി. വിവിധ സ്കൂളുകളിൽ നിന്നായി 332 വിദ്യാർഥികൾ പങ്കെടുത്തു.അണ്ടർ 10 പെൺകുട്ടികൾ,അണ്ടർ 12 ആൺകുട്ടികൾ,അണ്ടർ 12 പെൺകുട്ടികൾ,അണ്ടർ 14 പെൺകുട്ടികൾ,അണ്ടർ 17 ആൺകുട്ടികൾ എന്നീ അഞ്ച് വിഭാഗങ്ങളിലും ഇർശാദ് കിരീടം നേടി. ബെസ്റ്റ് ചെസ് പ്രമോട്ടർ സ്കൂൾ പുരസ്കാരവും ഇർശാദിന് ലഭിച്ചു.അണ്ടർ 10 ആൺകുട്ടികളിലും അണ്ടർ 17 പെൺകുട്ടികളിലും അമൽ ഇംഗ്ലീഷ് സ്കൂൾ ജേതാക്കളായി.അണ്ടർ 14 ആൺകുട്ടികൾ,അണ്ടർ 19 ആൺകുട്ടികൾ,അണ്ടർ 19 പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ എടപ്പാൾ എം എച്ച് ഇംഗ്ലീഷ് സ്കൂൾ കിരീടം നേടി.ചെസ് അസോസിയേഷൻ തൃശ്ശൂർ മുൻ ജില്ലാ പ്രസിഡന്റ് ബാബു എംഎം. ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിലും വിശിഷ്ടാതിഥി ബാബു എം.എം.യും തമ്മിൽ നടന്ന ഉദ്ഘാടന മത്സരം ഏറെ ശ്രദ്ധേയമായി.
അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെപിഎസ്എ സെക്രട്ടറി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ചെയർമാൻ അലി പഷ്ണത്തയിൽ മുഖ്യപ്രഭാഷണം നടത്തി.ടൂർണമെന്റിൽ 80-ലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച ഇർഷാദ് ഇംഗ്ലീഷ് സ്കൂളിനെ ബെസ്റ്റ് ചെസ്സ് പ്രൊമോട്ടർ സ്കൂളായി തിരഞ്ഞെടുത്തു.75-ലധികം വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ അമൽ ഇംഗ്ലീഷ് സ്കൂൾ രണ്ടാം മികച്ച ചെസ് പ്രമോട്ടർ സ്കൂളിനുള്ള പുരസ്കാരവും നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ കെപിഎസ്എ അംഗങ്ങളും അമൽ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ,ട്രഷറർ ഫസലുറഹ്മാൻ പള്ളിക്കരയിൽ, സിസിഎ കൺവീനർ അബ്ദുൽ റഹ്മാൻ കുന്നുംകാട്ടിൽ, എക്സിക്യൂട്ടീവ് അംഗം സലീം ടി.കെ. എന്നിവരും ചേർന്ന് വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ മികച്ച മത്സരവീര്യത്തിനും ചെസ്സിനോടുള്ള താല്പര്യത്തിനും ടൂർണമെന്റ് വേദിയായി.







