നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി സമരം ആളിപ്പടരുന്നു. സമരരംഗത്തുള്ള വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വി. ശിവദാസൻ എംപി, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ ഇടത് എംപിമാർ ജന്തർ മന്തറിലെ സമരസ്ഥലത്തെത്തി. ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമാണ് തങ്ങളെന്നും, രാജ്യത്തെ ജനാധിപത്യത്തെ തച്ചുതകർക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും എംപിമാർ കുറ്റപ്പെടുത്തി.. ഈ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി
ദില്ലി ജന്തർ മന്തറിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് ഈ ആവശ്യവുമായി ഒത്തുുകൂടിയിരിക്കുന്നത്. ക്രമക്കേടുകൾക്ക് ഉത്തരവാദിയായ മന്ത്രിയെ സംരക്ഷിക്കുന്ന മോദി സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.സമരത്തെ അടിച്ചമർത്താൻ ദില്ലി പോലീസ് ക്രൂരമായ നീക്കങ്ങളാണ് നടത്തുന്നത്. ജന്തർ മന്തറിലെ സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കുകയും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സ്ത്രീകളടക്കമുള്ള വിദ്യാർത്ഥികളെ മർദ്ദിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും, പോലീസ് ഉയർത്തിയ ബാരിക്കേഡുകൾ തകർത്ത് ആയിരക്കണക്കിന് യുവാക്കൾ സമരമുഖത്ത് ഉറച്ചുനിൽക്കുകയാണ്.
ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ഈ പോരാട്ടം പൂർവാധികം ശക്തിയോടെ തുടരുമെന്ന് വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ചു. നീതി ലഭിക്കുന്നത് വരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സമരക്കാരുടെ നിലപാട്.









