മാവേലിക്കര: ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളകെട്ടിൽ വീണു മരിച്ചു. മാവേലിക്കര ചാരുംമൂട് വാത്തികുളങ്ങര വീട്ടിൽ അരുൺ കൃഷ്ണന്‍റെയും ആതിരയുടെയും മകൻ അഷർ കിർസ് ആണ് മരിച്ചത്. മുത്തച്ഛനൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പുറത്ത് നിർത്തി മൊബൈൽ ഫോണിൽ കാൾ വന്നതോടെ മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി. തിരികെ മുത്തച്ഛൻ വന്നപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ വെള്ളകെട്ടിൽ നിന്ന് കുട്ടിയെ കണ്ടെടുത്തത്. ഉടൻ തന്നെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.







