യുവതി ആൺസുഹൃത്തിന്റെ വീട്ടിനുള്ളിൽ കയറി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു ആയിരുന്നു സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച റോഡിൽവച്ച് അരുണിനെ സന്ധ്യ കത്തിയുമായി ആക്രമിക്കുകയും അരുൺ ഓടിക്കുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. കൈക്ക് കുത്തേറ്റ അരുണിന് പരുക്കേറ്റിരുന്നു
വെള്ളിയാഴ്ച കാർ നന്നാക്കാൻ അരുൺ പുറത്തുപോയ സമയത്താണ് സന്ധ്യ വീട്ടിൽ എത്തിയത്. അരുണിന്റെ അച്‌ഛനും അമ്മയും ജോലിക്കു പോയിരുന്നു. സന്ധ്യ വീട്ടിലെത്തുമ്പോൾ അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ തള്ളിമാറ്റി വീടിനുള്ളിൽ കയറിയ സന്ധ്യ, അരുണിന്റെ മുറിയിൽ കയറി വാതിലടച്ച് കെട്ടിതൂങ്ങി മരിക്കുകയായിരുന്നു. ഇവർ കത്തിയുമായാണ് എത്തിയതെന്നും പൂന്തുറ പൊലീസ് പറഞ്ഞു
അരുണും സന്ധ്യയും സ്‌കൂളിൽ ഏഴാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ്. ആറു വർഷം മുൻപ് നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തതിനു ശേഷമാണ് ഇവർ വീണ്ടും സൗഹൃദത്തിലായത്. അരുണിന്റെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ ഇവർ തമ്മിൽ തെറ്റിപിരിഞ്ഞെന്നും പൊലീസ് പറഞ്ഞു. പാൽക്കുളങ്ങരയിലെ വീട്ടിൽ വീട്ടുജോലിക്കു പോയിരുന്ന സന്ധ്യ പലരിൽനിന്നു പണം കടം വാങ്ങി അരുണിന് നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം സന്ധ്യയുടെ സഹോദരന്റെ മൊഴി പ്രകാരമാണ് ആത്മഹത്യയ്ക്കു കേസ് റജിസ്‌റ്റർ ചെയ്‌തതെന്നും മൊഴിയിൽ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നും പൂന്തുറ പൊലീസ് പറഞ്ഞു